കൊല്ലം: ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഈ വർഷം മരിച്ചത് 12 പേർ. ഇതിൽ 10 പേരുടെയും മരണകാരണം എലിപ്പനിയാണ്. ഈ കാലയളവിൽ 173 പേർ എലിപ്പനിയും 975 പേർ ഡെങ്കിപ്പനിയും പിടിപെട്ടു വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായെങ്കിലും മരണസംഖ്യ കുറവാണ്. ഫലപ്രദമായ മരുന്നും ചികിത്സയും ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും വ്യാപകമായ മാലിന്യം തള്ളലും ജനങ്ങളുടെ ജാഗ്രതക്കുറവുമാണ് കാരണമായി ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്സിസൈക്ലിൻ ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും പലരും കഴിക്കാറില്ല. പനിക്ക് ചികിത്സ തേടാത്തതും മരണത്തിലേക്ക് വഴി തെളിക്കുന്നു.
ജാഗ്രത പ്രധാനം
കൊതുക് നിയന്ത്രണമാണ് പ്രധാന പ്രതിരോധം. വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പനി മാറിയാലും സമ്പൂർണ വിശ്രമം നിർബന്ധം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കഴിക്കാം. കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം. പനി മൂന്ന് ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം. മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.